അക്ഷരങ്ങളിലൂടെ ആത്മീയ വെളിച്ചത്തിലേക്ക്.

അറിവിന്റെയും ആശയവിനിമയത്തിന്റെയും ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയ ഈ ആധുനിക യുഗത്തിൽ, 'യുവജന കാഹളം' ഓൺലൈൻ മാസികയുടെ പുതിയ പതിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. കേൾവികൾക്കും കാഴ്ചകൾക്കും മാത്രം മുൻഗണന നൽകുന്ന ഇന്നത്തെ തലമുറയിൽ നിന്ന് എഴുത്തും വായനയും ക്രമേണ അന്യംനിന്നുപോകുകയാണ്. എന്നാൽ, കേവലം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾക്ക് അപ്പുറം, വായനയ്ക്കും എഴുത്തിനും മുൻതൂക്കം നൽകുന്നത് നമ്മുടെ വ്യക്തിപരമായ ജീവിതത്തെ യഥാർത്ഥ ആത്മീയ അനുഗ്രഹത്തിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.
തിരുവചനം ദിനംതോറും ധ്യാനിച്ച് ആഴ്ചതോറും കുറിപ്പുകൾ തയ്യാറാക്കുകയും, വചനപ്രഭാഷണങ്ങൾ കുറിച്ചെടുത്തു വീണ്ടും ചിന്തിക്കുകയും, ഞായറാഴ്ചകളിൽ സാക്ഷ്യങ്ങൾക്കൊപ്പം ചെറിയ പ്രബോധനങ്ങൾ കൂടി പങ്കുവെക്കുകയും ചെയ്ത ആ പഴയ തലമുറയുടെ അനുഗ്രഹിക്കപ്പെട്ട ആത്മീയ ശീലങ്ങൾ ഇന്ന് പോയ്മറഞ്ഞിരിക്കുന്നു. ആ ഒരു സുന്ദരമായ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണ്. തിരുസന്നിധിയിൽ പൂർണ്ണമായി സമർപ്പിതരാകാൻ യുവമനസ്സുകളെ വഴികാട്ടുക എന്നതാണ് ഈ മാസികയുടെ ലക്ഷ്യം. ബൈബിൾ അധിഷ്ഠിത ചിന്തകൾ, ആത്മീയ അനുഭവങ്ങൾ, ദൈവവചന പഠനങ്ങൾ എന്നിവയിലൂടെ നമുക്ക് വചന വെളിച്ചത്തിൽ മുന്നേറാം; ദൈവകൃപയുടെ വഴിയിൽ ഒന്നിച്ച് സഞ്ചരിക്കാം.
വായനയുടെ വസന്തങ്ങൾ അകലുന്ന ഈ കാലത്ത് നമുക്ക് വീണ്ടും അക്ഷരങ്ങളിലേക്ക് മടങ്ങാം. ക്രിസ്തീയ ചിന്തകൾ പങ്കുവെക്കുവാനും ആത്മീക വർധനവ് വരുത്തുവാനും ഉള്ള ഒരു പുതിയ 'എഴുത്തിടം' ഇതാ പ്രിയരേ നിങ്ങൾക്കായി സമർപ്പിക്കുന്നു. ദൈവമഹത്വത്തിനായി സ്വർഗീയ ധ്യാനചിന്തകൾ ഇനി അക്ഷരങ്ങളായി നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കട്ടെ. കഥകളും കവിതകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമെല്ലാം അനേകർക്ക് ആത്മീയ ചൈതന്യമേകാൻ നമുക്ക് വീണ്ടും എഴുതിത്തുടങ്ങാം. ഈ അനുഗൃഹീത ആത്മീയ യാത്രയിൽ നമുക്കൊന്നിച്ച് മുന്നേറാം.
നിറഞ്ഞ സ്നേഹത്തോടെ...
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,
ഗോഡ്ലി ജോസഫ്
ചീഫ് എഡിറ്റർ, യുവജന കാഹളം.
ഐ പി സി കേരള സ്റ്റേറ്റ് പി.വൈ.പി.എ.

