ഏലിയാവിന്റെ കാലവും നമ്മുടെ കാലഘട്ടവും

പഴയനിയമ ചരിത്രത്തിൽ മരണത്തെ രുചിക്കാതെ, ജീവനോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകനാണ് ഏലിയാവ്. ഏലിയാവ് ദൈവത്തിന്റെ വലിയൊരു ശുശ്രൂഷകനായിരുന്നു എന്ന് അക്കാലത്തുള്ളവർക്കെല്ലാം അറിയാമായിരുന്നു. രാജകൊട്ടാരത്തിന്റെ വിചാരകനായ ഓബദ്യാവ് വഴിയിൽ വെച്ച് ഏലിയാവിനെ കാണുമ്പോൾ സംസാരിക്കുന്ന വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണ്. ദൈവത്തിന്റെ ആത്മാവ് ഏലിയാവിനെ എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ടുപോകാം എന്ന് വിശ്വസിക്കാൻ തക്കവണ്ണം ദൈവവുമായി അത്രയേറെ അടുത്ത ബന്ധം പുലർത്തിയ ദൈവപുരുഷനായിരുന്നു അദ്ദേഹം. പുതിയനിയമ പുസ്തകങ്ങളിലും ഏലിയാവിനെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ നമുക്ക് കാണാൻ സാധിക്കും.
ഭയമില്ലാത്ത ദൈവത്തിന്റെ ശബ്ദം
തന്റെ സന്ദേശം ആരുടെയും മുഖത്തുനോക്കി ഭയമില്ലാതെ വിളിച്ചുപറയാൻ ഏലിയാവ് മടിച്ചില്ല. താൻ ചെയ്യുന്നതെല്ലാം ദൈവമായ യഹോവ തന്നോട് കൽപ്പിച്ചതാണെന്ന പൂർണ്ണമായ ഉറപ്പ് ആ ജീവിതത്തിനുണ്ടായിരുന്നു (1 രാജാക്കന്മാർ 18:36). അതുകൊണ്ടുതന്നെ പ്രവചനജീവിതത്തിലുടനീളം ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പ് ഏലിയാവ് അനുഭവിച്ചറിഞ്ഞു. "നീ ഇവിടെനിന്ന് കിഴക്കോട്ട് ചെന്ന് യോർദ്ദാന് കിഴക്കുള്ള കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്കുക..." എന്നും, "നീ എഴുന്നേറ്റ് സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്കുക..." എന്നും കൃത്യമായ വഴിനടത്തിപ്പുകൾ പ്രവാചകന് ലഭിച്ചു. ദൈവഹിതപ്രകാരം മാത്രം ശുശ്രൂഷിച്ച ഏലിയാവിനെ പോഷിപ്പിക്കാൻ ദൈവം കാക്കകളോടും ഒരു വിധവയോടും കൽപ്പിച്ചു എന്നത് ദൈവത്തിന്റെ വിശ്വസ്തതയെ കാണിക്കുന്നു.
എന്നാൽ, ഈ തിന്മയുടെ നടുവിലും ഏലിയാവ് പ്രഖ്യാപിച്ചത്, "ഞാൻ സേവിച്ചുനിൽക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ" എന്നാണ്. ചുറ്റുമുള്ള ലോകം മുഴുവൻ പാപത്തിലും വിഗ്രഹാരാധനയിലും ഒഴുക്കിനൊപ്പം നീന്തിയപ്പോൾ, ദൈവ സന്നിധിയിൽ വിശ്വസ്തതയോടെ ഒഴുക്കിനെതിരെ നീന്തി നിൽക്കാൻ ഏലിയാവിന് കഴിഞ്ഞു. പ്രിയ യുവജനങ്ങളേ, ഈ വഷളായ തലമുറയുടെ നടുവിൽ കർത്താവിനെ സേവിക്കുന്നതിൽ നാം ഉറച്ചുനിൽക്കാൻ തയ്യാറാണോ?
ദേശത്തിന്മേൽ വന്ന ന്യായവിധി
"ഞാൻ പറഞ്ഞിട്ടല്ലാതെ ഈ വർഷങ്ങളിൽ മഞ്ഞും മഴയും പെയ്യുകയില്ല" എന്ന കഠിനമായ ദൈവന്യായവിധി രാജാവായ ആഹാബിന്റെ മുഖത്തുനോക്കി പ്രവചിക്കാൻ ഏലിയാവ് ധൈര്യം കാണിച്ചു. മാത്രമല്ല, "ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, യഹോവയുടെ കൽപ്പനകളെ വിട്ടുകളഞ്ഞ് ബാലിനെ സേവിക്കുന്ന നീയും നിന്റെ പിതൃഭവനവുമത്രേ" എന്ന് രാജാവിനോട് വിളിച്ചുപറയാൻ ഏലിയാവിന് ഭയമുണ്ടായിരുന്നില്ല.
വർഷങ്ങളോളം ദേശത്ത് മഴ പെയ്യാതിരിക്കാൻ തക്കവണ്ണം ദൈവജനം ദൈവത്തോട് പാപം ചെയ്തിരുന്നു. എന്തുകൊണ്ടാണ് ദൈവം ഇത്ര വലിയൊരു കടുത്ത തീരുമാനം എടുത്തത്? അതിനുള്ള ഉത്തരം ഏലിയാവ് ശുശ്രൂഷ ചെയ്ത ആ കാലഘട്ടത്തിന്റെ അവസ്ഥ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. ദൈവത്തോടുള്ള മറുതലിപ്പും വിഗ്രഹാരാധനയും അതിന്റെ എല്ലാ അതിരുകളും ലംഘിച്ച ഒരു കാലമായിരുന്നു അത്.
ദോഷം വർദ്ധിച്ച കാലഘട്ടം
ഇസ്രായേൽ ജനം രണ്ടായി പിരിഞ്ഞ് ആഭ്യന്തര തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന കാലമായിരുന്നു അത് (1 രാജാക്കന്മാർ 16:21). അന്ന് ഭരിച്ച ഒമ്രി രാജാവ് യഹോവയ്ക്ക് ഏറ്റവും അനിഷ്ടമായത് ചെയ്യുകയും തനിക്ക് മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം ദോഷം പ്രവർത്തിക്കുകയും ചെയ്തു (16:25). എന്നാൽ ഒമ്രിയുടെ മകനായ ആഹാബ് രാജാവായപ്പോൾ, അവൻ തന്റെ പിതാവിനെയും കവച്ചുവെച്ചു! തനിക്ക് മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായത് അവൻ ചെയ്തു (16:30).
നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ്, അവൻ സീദോന്യ രാജാവിന്റെ മകളായ ഈസേബെലിനെ ഭാര്യയായി സ്വീകരിച്ചു. അവൾ മുഖാന്തരം ഇസ്രായേലിൽ ബാലിന്റെ ആരാധന വ്യാപകമായി. ശമര്യയിൽ താൻ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠവും അശേരാപ്രതിഷ്ഠയും ഉണ്ടാക്കി. ചുരുക്കത്തിൽ, മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരേക്കാളും അധികം ദൈവത്തെ കോപിപ്പിച്ച, ദോഷം വർദ്ധിച്ച ഒരു ഇരുണ്ട കാലഘട്ടമായിരുന്നു ഏലിയാവിന്റേത്. ദൈവവചനത്തെ ജനം എത്രമാത്രം നിസ്സാരമായി കണ്ടു എന്നതിന് തെളിവാണ് ബഥേല്യനായ ഹിയേൽ യെരിഹോ പട്ടണം വീണ്ടും പണിതത്. യോശുവ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന ശാപവചനം പോലെ തന്നെ ആ നിർമ്മാണത്തിലൂടെ ഹിയേലിന് തന്റെ മക്കളെ നഷ്ടപ്പെടേണ്ടി വന്നു.
നമ്മുടെ കാലഘട്ടവും നമ്മുടെ ഉത്തരവാദിത്തവും
നാം ജീവിക്കുന്ന ഈ ആധുനിക കാലഘട്ടത്തിലേക്ക് നോക്കുമ്പോഴും സമാനമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്. പാപവും ദോഷവും തിന്മയും അവിശ്വാസവും നാളെയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മൂല്യച്യുതിയും ദൈവത്തോടുള്ള മറുതലിപ്പും ലോകത്തെ വിഴുങ്ങുന്നു.
എന്നാൽ, ഈ തിന്മയുടെ നടുവിലും ഏലിയാവ് പ്രഖ്യാപിച്ചത്, "ഞാൻ സേവിച്ചുനിൽക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ" എന്നാണ്. ചുറ്റുമുള്ള ലോകം മുഴുവൻ പാപത്തിലും വിഗ്രഹാരാധനയിലും ഒഴുക്കിനൊപ്പം നീന്തിയപ്പോൾ, ദൈവ സന്നിധിയിൽ വിശ്വസ്തതയോടെ ഒഴുക്കിനെതിരെ നീന്തി നിൽക്കാൻ ഏലിയാവിന് കഴിഞ്ഞു.
പ്രിയ യുവജനങ്ങളേ, ഈ വഷളായ തലമുറയുടെ നടുവിൽ കർത്താവിനെ സേവിക്കുന്നതിൽ നാം ഉറച്ചുനിൽക്കാൻ തയ്യാറാണോ? എങ്കിൽ, ലോകത്തിന്റെ അശുദ്ധികൾക്കിടയിൽ ദൈവത്തിനുവേണ്ടി ഉയരുന്ന ഒരു വേറിട്ട ശബ്ദമായി, ഒരു പ്രവാചക ശബ്ദമായി നമ്മെ മാറ്റുവാൻ നമ്മുടെ കർത്താവിന് ഇന്നും കഴിയും. ഏലിയാവിന്റെ ദൈവമാണ് നമ്മുടെയും ദൈവം!
Evg. Thomas George
IPC കാർമേൽ ചർച്ച് , വണ്ടിത്താവളം, പാലക്കാട്
പാലക്കാട് മേഖല PYPA സെക്രട്ടറി
