‘തികയുന്ന’ ദൈവശക്തി
Prof. Dr. Ida Manuel M.Phil, Ph.D, PGDT

മനുഷ്യൻ തന്റെ ബലത്തെക്കുറിച്ചാണ് പലപ്പോഴും അഭിമാനിക്കുന്നത്. കഴിവ്, സമ്പത്ത്, അറിവ്, ആരോഗ്യം എന്നിവയെല്ലാം ജീവിതത്തിന്റെ ഉറച്ച തൂണുകളായി നാം കാണാറുണ്ട്. എന്നാൽ, നമ്മുടെ എല്ലാ ആശ്രയങ്ങളും തളർന്നുപോകുന്ന നിമിഷങ്ങളിലാണ് ഒരു വലിയ സത്യം വെളിപ്പെടുന്നത്—മനുഷ്യന്റെ ബലഹീനതകൾ ദൈവത്തിന്റെ ശക്തിക്ക് തടസ്സമല്ല; മറിച്ച്, ദൈവശക്തി ഏറ്റവും കൂടുതൽ പ്രകടമാകുന്നത് നമ്മുടെ ആ ബലഹീനതകളിലാണ്.
തന്റെ ശരീരത്തിലെ ബലഹീനത നീങ്ങാൻ പൗലോസ് അപ്പൊസ്തലൻ മൂന്ന് വട്ടം പ്രാർത്ഥിച്ചപ്പോൾ ദൈവം നൽകിയ മറുപടി ഇതായിരുന്നു: "എന്റെ കൃപ നിനക്ക് മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു" (2 കൊരിന്ത്യർ 12:9). ദൈവിക കൃപയിലൂടെയാണ് നമുക്ക് യഥാർത്ഥ ശക്തി ലഭിക്കുന്നത്. അതുകൊണ്ടാണ് പൗലോസിന് പിന്നീട് തന്റെ പരിമിതികളിൽ പ്രശംസിച്ചുകൊണ്ട്, "ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നെ ശക്തനാകുന്നു" (2 കൊരിന്ത്യർ 12:10) എന്ന് ധൈര്യത്തോടെ പറയാൻ കഴിഞ്ഞത്. ഒരു വ്യക്തി തന്റെ ബലഹീനതകൾ തിരിച്ചറിഞ്ഞ് ദൈവത്തിൽ ആശ്രയിക്കുമ്പോൾ, ദൈവത്തിന്റെ കൃപയും ശക്തിയും അവരിലേക്ക് ദാനമായി ഒഴുകിയെത്തുന്നു.
1. ബലഹീനത ഏറ്റുപറയുമ്പോൾ ദൈവശക്തി വെളിപ്പെടുന്നു
വിശുദ്ധ വേദപുസ്തകത്തിൽ സ്വന്തം ബലഹീനതകൾ തുറന്നു സമ്മതിച്ച അനേകം ദൈവദാസന്മാരെ നമുക്ക് കാണാം. ദൈവവിളി ഉണ്ടായപ്പോൾ തന്റെ സംസാരശേഷിക്കുറവ് ഓർത്ത് മോശെ മടിച്ചുനിന്നു: “അയ്യോ കർത്താവേ, ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” (പുറപ്പാട് 4:10). എന്നാൽ മോശെയുടെ ഈ പരിമിതി ദൈവത്തിന്റെ പദ്ധതിക്ക് തടസ്സമായില്ല. തനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞവന്റെ വായിലൂടെയാണ് ദൈവം തന്റെ വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്.
ഗിദെയോനും തന്റെ അയോഗ്യതയെക്കുറിച്ച് പൂർണ്ണ ബോധവാനായിരുന്നു. “മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ പിതൃഭവനത്തിൽ ഞാൻ എല്ലാവരിലും ചെറിയവനും ആകുന്നു” എന്ന് അവൻ പറഞ്ഞപ്പോൾ, “ഞാൻ നിന്നോടുകൂടെ ഇരിക്കും” (ന്യായാധിപന്മാർ 6:15–16) എന്ന വാഗ്ദത്തമാണ് ദൈവം അവന് നൽകിയത്.
ജാതികൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നു എന്ന ദൈവവിളിയുടെ മുൻപിൽ യിരെമ്യാവും തന്റെ പരിമിതി ചൂണ്ടിക്കാട്ടി: “അയ്യോ, യഹോവയായ കർത്താവേ, ഞാൻ ബാലനല്ലോ, എനിക്ക് സംസാരിപ്പാൻ അറിഞ്ഞുകൂടാ” (യിരെമ്യാവ് 1:6). എന്നാൽ ദൈവം അവന്റെ പ്രായത്തെ നോക്കിയില്ല; മറിച്ച് അവനിലൂടെ വെളിപ്പെടാനിരുന്ന തന്റെ വചനത്തെയാണ് നോക്കിയത്.
യുദ്ധപരിചയമുള്ള ഗോല്യാത്തിന്റെ മുൻപിൽ, മനുഷ്യരുടെ കണക്കുകൂട്ടലുകളിൽ ദാവീദ് വെറുമൊരു ദുർബലനായിരുന്നു. എന്നാൽ ദാവീദ് തന്റെ സ്വന്തം ശക്തിയെക്കുറിച്ചല്ല സംസാരിച്ചത്; മറിച്ച് തന്റെ ദൈവത്തിന്റെ ശക്തിയിലാണ് അവൻ പൂർണ്ണമായി വിശ്വസിച്ചത്.
ഇവരുടെയെല്ലാം ജീവിതം ഒരേയൊരു വലിയ സന്ദേശമാണ് നമുക്ക് നൽകുന്നത്: നമ്മുടെ ബലഹീനതകൾ ദൈവത്തിന് നന്നായി അറിയാം. അതിനാൽ നമ്മുടെ കുറവുകളെ ഒളിച്ചുവെക്കേണ്ടതില്ല; ദൈവമുൻപിൽ അവ ഏറ്റുപറഞ്ഞ് അവനിൽ പൂർണ്ണമായി ആശ്രയിക്കുക. നമ്മുടെ പരിമിതികൾക്ക് അപ്പുറമായി ദൈവം നമ്മെക്കുറിച്ചുള്ള തന്റെ മഹത്തായ ഉദ്ദേശ്യം ജീവിതത്തിൽ പൂർത്തീകരിക്കുക തന്നെ ചെയ്യും.
2. പ്രാർത്ഥനയാലും ഉപവാസത്താലും വെളിപ്പെടുന്ന ദൈവശക്തി
നമ്മുടെ പക്കൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളോ, മുന്നോട്ടുള്ള വഴികളോ വ്യക്തമായിരിക്കണമെന്നില്ല. എന്നാൽ വഴി അറിയാത്തപ്പോഴും നമുക്ക് വഴികാട്ടുന്ന ദൈവത്തിലേക്ക് നോക്കാൻ കഴിയും. ഹന്നയുടെ ജീവിതം വേദനയിൽനിന്ന് ഉയർന്ന പ്രാർത്ഥനയുടെ വലിയൊരു സാക്ഷ്യമാണ്. മറ്റാർക്കും മനസ്സിലാകാത്ത തന്റെ ഹൃദയവേദനയോടെ അവൾ കർത്താവിന്റെ മുൻപിൽ കണ്ണീരോടെ പ്രാർത്ഥിച്ചു (1 ശമൂവേൽ 1:10-20). ദൈവം അവളുടെ ഹൃദയം കാണുകയും, ആ കണ്ണീരിന്റെ പ്രാർത്ഥനയ്ക്ക് കൃപയുടെ മറുപടി നൽകുകയും ചെയ്തു.
സ്വന്തം ജനത്തെ രക്ഷിക്കേണ്ട നിർണായക ഘട്ടത്തിൽ എസ്ഥേർ രാജ്ഞിയും വലിയ ഭയത്തിലായിരുന്നു. വിളി കൂടാതെ രാജസന്നിധിയിൽ ചെല്ലുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അവൾ സ്വന്തം ശക്തിയിലല്ല ആശ്രയിച്ചത്. “എനിക്കുവേണ്ടി ഉപവസിപ്പിൻ… ഞാനും എന്റെ തോഴിമാരും അങ്ങനെ തന്നെ ഉപവസിക്കും; അങ്ങനെ ഞാൻ ചട്ടത്തിന് വിരോധമായി രാജാവിന്റെ അടുക്കൽ ചെല്ലും” (എസ്ഥേർ 4:16) എന്ന് പറഞ്ഞ് അവൾ ഒരു ജനതയെ പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കാളികളാക്കി.
ദൈവത്തിൽ ആശ്രയിക്കുക എന്നാൽ പ്രവർത്തനത്തിൽനിന്ന് പിന്മാറുക എന്നല്ല, മറിച്ച് ദൈവബലത്തിൽ ധൈര്യത്തോടെ മുന്നോട്ട് പോകുക എന്നാണ്. പ്രാർത്ഥനയ്ക്കുശേഷം വിശ്വാസത്തോടെ പ്രവർത്തിച്ച എസ്ഥേറിന് ദൈവം ധൈര്യം മാത്രമല്ല, ആവശ്യമായ ജ്ഞാനവും നൽകി. മനുഷ്യർ അടയ്ക്കുന്ന വാതിലുകൾക്കിടയിലും ദൈവം തന്റെ ജനത്തിന് വിടുതലിന്റെ പുതിയ വാതിലുകൾ തുറന്നു. മൊർദ്ദെഖായി എസ്ഥേറിനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മോടും സംസാരിക്കുന്നു: “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്ത് എത്തിയിരിക്കുന്നത്? ആർക്കറിയാം” (എസ്ഥേർ 4:14). നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും കഴിവുകളും ദൈവത്തിന്റെ വലിയൊരു പദ്ധതിക്കായി കരുതിവെച്ചിരിക്കുന്നതാകാം.
ദാവീദിന്റെ സങ്കീർത്തനങ്ങളിലും ഭയം, ഏകാന്തത, ശത്രുക്കളുടെ ഭീഷണി എന്നിവയ്ക്കിടയിലും അവൻ തന്റെ ഹൃദയം ദൈവമുൻപിൽ തുറക്കുന്നതായി കാണാം. ബലഹീനതയിൽ നിന്ന് പ്രാർത്ഥനയിലേക്കും, പ്രാർത്ഥനയിൽ നിന്ന് കൃപയിലേക്കും, കൃപയിൽ നിന്ന് ശക്തിയിലേക്കുമുള്ള യാത്രയാണ് യഥാർത്ഥ വിശ്വാസജീവിതം. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവശക്തി പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും നമ്മുടെ ജീവിതത്തിലും വെളിപ്പെടും.
3. ബലഹീനതയിൽ തികയുന്ന വിശ്വാസത്തിന്റെ ശക്തി
അബ്രാഹാമിന്റെ ജീവിതം വിശ്വാസത്തിന്റെ വലിയൊരു പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. തനിക്കും സാറയ്ക്കും പ്രായമേറി, മനുഷ്യപരമായി സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാതിരുന്നിട്ടും അബ്രാഹാം സാഹചര്യങ്ങളെയല്ല, ദൈവത്തിന്റെ വാഗ്ദാനത്തെയാണ് നോക്കിയത്. “ദൈവം താൻ വാഗ്ദാനം ചെയ്തത് പ്രവർത്തിപ്പാനും ശക്തൻ എന്ന് ഉറച്ചു” (റോമർ 4:21) എന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അബ്രാഹാം തന്റെ ശരീരത്തിന്റെ ബലഹീനതകളെ നിഷേധിച്ചില്ല, പക്ഷേ ആ ബലഹീനതയേക്കാൾ വലിയവനാണ് വാഗ്ദാനം നൽകിയ ദൈവം എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. സാഹചര്യങ്ങൾ ‘അസാധ്യമെന്ന്’ പറഞ്ഞപ്പോൾ, ദൈവത്താൽ എല്ലാം ‘സാധ്യമെന്ന്’ അവന്റെ വിശ്വാസം വിളിച്ചുപറഞ്ഞു. അവൻ തന്റെ കഴിവിനെയല്ല, ദൈവത്തിന്റെ അചഞ്ചലമായ വാഗ്ദാനത്തെയാണ് നോക്കിയത്.
യഹൂദാ രാജാവായ യോശാഫാത്ത് വലിയൊരു ശത്രുസൈന്യം തനിക്കെതിരെ വരുന്നത് കണ്ടപ്പോൾ സ്വന്തം ശക്തിയിലല്ല ആശ്രയിച്ചത്. അവൻ ദൈവത്തോട് നിലവിളിച്ചു: “ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു” (2 ദിനവൃത്താന്തം 20:12). എത്ര ആഴമേറിയ വിശ്വാസപ്രഖ്യാപനമാണത്!
ബലഹീനതയിൽ നിന്ന് പ്രാർത്ഥനയിലേക്കും, പ്രാർത്ഥനയിൽ നിന്ന് കൃപയിലേക്കും, കൃപയിൽ നിന്ന് ശക്തിയിലേക്കുമുള്ള യാത്രയാണ് യഥാർത്ഥ വിശ്വാസജീവിതം.
ജീവിതത്തിൽ ചില നിമിഷങ്ങളിൽ “എനിക്ക് കഴിയുന്നില്ല”, “ഇനി മുന്നോട്ട് പോകാൻ അറിയില്ല” എന്നൊക്കെ നമുക്കും പറയേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിലാണ്, “എന്റെ കൃപ നിനക്ക് മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” (2 കൊരിന്ത്യർ 12:9) എന്ന ദൈവവചനം പ്രസക്തമാകുന്നത്. ദൈവത്തിന്റെ കൃപ നമ്മുടെ ബലഹീനതകളെ അവഗണിക്കുകയല്ല, മറിച്ച് അതിന്റെ നടുവിലും നമ്മെ താങ്ങിനിർത്തുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ യഥാർത്ഥ ശക്തി നമ്മിൽ എത്രത്തോളമുണ്ട് എന്നതിലല്ല, മറിച്ച് നമ്മോടുകൂടെ ആരുണ്ട് എന്നതിലാണ് അടങ്ങിയിരിക്കുന്നത്. പൗലോസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ, “ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നെ ശക്തനാകുന്നു” (2 കൊരിന്ത്യർ 12:10). നമ്മുടെ ബലഹീനതകൾ ഒരു അവസാനമല്ല; മറിച്ച് അത് ദൈവത്തിന്റെ മഹാശക്തി നമ്മുടെ ജീവിതത്തിൽ ആരംഭിക്കുന്ന ഇടമാണ്. ദൈവം നമ്മെ ശക്തീകരിക്കട്ടെ.
Prof. Dr. Ida Manuel
M.Phil, Ph.D, PGDT
Professor & Head, Department of Hindi
Sri C. Achuthamenon Government College, Thrissur