വിഘടനത്തിന്റെ വേദശാസ്ത്രം

yuvajanakahalam

വിഘടനയുഗമാണിത്. ഭാഷ, വർഗ്ഗം, മതം എന്നീ അടിസ്ഥാനങ്ങളിൽ രാജ്യങ്ങൾ ഛിന്നഭിന്നമാകുന്നു. രാഷ്ട്രീയ കക്ഷികൾ ഗ്രൂപ്പുകളായി പിരിയുന്നു. ഐക്യത്തിനുവേണ്ടിയുള്ള മുറവിളികൾക്കിടയിൽ പിരിച്ചിലിന്റെ അട്ടഹാസങ്ങളാണു മുഴങ്ങിക്കേൾക്കുന്നത്. ഉന്നതമായ ആശയങ്ങളുടെ പേരിൽ ലോകം ഒന്നിക്കണം എന്നുള്ള ആഗ്രഹം പല മഹാന്മാരും പ്രകടിപ്പിച്ചിട്ടുണ്ട്. സൈനികശക്തിയുപയോഗിച്ച് അതു സാധിക്കാൻ പല വീരനേതാക്കന്മാരും ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അതൊന്നും സഫലമായിട്ടില്ല. മനുഷ്യരെ യോജിപ്പിക്കുന്ന കാര്യങ്ങളെക്കാൾ വിയോജിപ്പിക്കുന്ന കാര്യങ്ങളാണ് എന്നും നിലനിന്നിട്ടുള്ളത്. ഈ സ്ഥിതിവിശേഷത്തിനു കാരണമെന്ത്? എന്തെങ്കിലും പരിഹാരമുണ്ടോ? ഉത്തരത്തിനു സമീപിക്കേണ്ടത് എച്ച്. ജി. വെൽസിനെയോ, ബർട്രൻഡ് റസ്സലിനെയോ, ജൂലിയൻ ഹക്‌സ്‌ലിയെയോ ഒന്നുമല്ല; പ്രത്യുത വിശുദ്ധ വേദപുസ്തകത്തെയാണ്.

ഭിന്നതയുടെ ആരംഭം ഏദനിൽ ആദാമിന്റെ അനുസരണക്കേടോടുകൂടിയാണ്. മനുഷ്യൻ ആദ്യം ദൈവവുമായി തെറ്റി. അവർ ഒരുമിച്ചു നടന്നതും കൂട്ടായ്മ പുലർത്തിയതും അവിടെ അവസാനിച്ചു. ആദാം ഓടി ഒളിക്കുകയാണ് ആദ്യം ചെയ്തത്. ദൈവത്തിൽ നിന്നുള്ള മനുഷ്യന്റെ അകൽച്ച മനുഷ്യനും മനുഷ്യനും തമ്മിൽ അകലാനും കാരണമായി; ആദാമിന്റെ കുടുംബത്തിൽ തന്നെ അതാരംഭിച്ചു. രണ്ടു സഹോദരന്മാർ തമ്മിൽ ഭിന്നിക്കുകയും ഒരു കൊലപാതകത്തിന് അതു വഴിതെളിക്കുകയും ചെയ്തു. ഭിന്നത പിന്നീട് വിശാലമായ മേഖലകളിലേക്കു വ്യാപിച്ചു. ദൈവത്തിന്റെ പുത്രന്മാരും മനുഷ്യന്റെ പുത്രന്മാരും (പുത്രിമാരെപ്പറ്റിയേ ഉല്പത്തിയിൽ പറയുന്നുള്ളൂ എന്നുള്ളതു വിസ്മരിക്കുന്നില്ല) എന്നൊരു വിഭജനത്തിനിടയുണ്ടായി. മനുഷ്യർ മൊത്തത്തിൽ ദൈവത്തിൽ നിന്നും വീണ്ടും അകന്നു. പിൽക്കാലത്തു പ്രവാചകൻ പറഞ്ഞ കാരണം തന്നെയാണ് ഈ ഭിന്നതയുളവാക്കിയത്. "നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്." (യെശ. 59:2)

മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകൽച്ച തുടർന്നുകൊണ്ടിരിക്കേ, "ബാബേൽ" അതിന്റെ ഒരു പ്രധാന നാഴികക്കല്ലായി. ഭിന്നതയ്ക്കു സഹായകമായി ഭാഷകളും മതങ്ങളും മാനവചരിത്രത്തിൽ വന്നുകയറി. തുടർന്ന്, ഇന്നുവരെയുള്ള ചരിത്രം വിഘടനത്തിന്റേതാണ്. നെബൂഖദ്നേസർ കണ്ട സമ്മിശ്രലോഹബിംബം ഈ വിയോജനത്തിന്റെ നഖചിത്രമാണ് എന്നു പറഞ്ഞാൽ ശരിയാവും.

മനുഷ്യനും ദൈവവും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും മാത്രമല്ല ഭിന്നത. മനുഷ്യനും പ്രകൃതിയും തമ്മിലും ഭിന്നതയിലാണ്. ഈ ഭൗതിക പ്രപഞ്ചം തന്നെ ഈ വിഘടനത്തിൽ ദുഃഖിക്കുകയും ഒരു ഉദ്ധാരണത്തിനുവേണ്ടി ഞരങ്ങുകയുമാണ് (റോമർ: 8:22).

ഈ സ്ഥിതിയിൽ ദൈവം എന്തുചെയ്യാൻ പോകുന്നു എന്നുള്ളതാണ് ഇനി പ്രധാനം. ദൈവം കലക്കത്തിന്റെ ദൈവമല്ല. അടുക്കും, അച്ചടക്കവും, ക്രമവും, ഒരുമയുമാണ് ദൈവ സ്വഭാവത്തിലുള്ളത്. ഒരു മഹാസംയോജനം ദൈവീക പരിപാടിയിലുണ്ട്. അപ്പൊസ്തലനായ പൗലോസ് അതിനെ 'കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ' എന്നുള്ളതാണ്  വിളിക്കുന്നത്. 'അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളത്  എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടുതന്നെ.' (എഫെ: 1:10) ഇന്നത്തെ ക്രമക്കേടുകൾ താല്ക്കാലികമാണ്. കാലം, ദൈവം ഉദ്ദേശിക്കുന്ന സമ്പൂർണ്ണതയിൽ എത്തുമ്പോൾ ആ ഒന്നാകൽ നടക്കും.

ഈ സംയോജനം ക്രിസ്തുവിൽ കൂടിയാണു നടക്കുന്നത്. മനുഷ്യനെ ദൈവവുമായി നിരപ്പിക്കാതെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകയില്ലല്ലോ. ആ നിരപ്പിക്കൽ കാൽവരിക്രൂശിലാണു സാധിച്ചത് (റോമ. 5:10-11). അങ്ങനെ ദൈവത്തിന്റെ ഈ ഏകീകരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്തീയ സഭയാണതിന്റെ ഉത്തമനിദർശനം. പൗലോസ് ഇതു സംബന്ധിച്ച് ഇങ്ങനെയാണു പറയുന്നത്. 'അതിൽ യവനനും യഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തു അത്രേ എല്ലാവരിലും എല്ലാം ആകുന്നു' (കൊലോ: 3:11).

മനുഷ്യനും ദൈവവും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും മാത്രമല്ല ഭിന്നത. മനുഷ്യനും പ്രകൃതിയും തമ്മിലും ഭിന്നതയിലാണ്. ഈ ഭൗതിക പ്രപഞ്ചം തന്നെ ഈ വിഘടനത്തിൽ ദുഃഖിക്കുകയും ഒരു ഉദ്ധാരണത്തിനുവേണ്ടി ഞരങ്ങുകയുമാണ് (റോമർ: 8:22).

ദൈവീക പദ്ധതിക്കു പിശാചിന്റെ ബദൽ പദ്ധതി എപ്പോഴുമുണ്ട്. അന്തിക്രിസ്തു എന്ന അധർമ്മ മൂർത്തിയിലൂടെ ലോകത്തെ ദൈവത്തിനെതിരായി ഒരുമിപ്പിക്കുന്ന പദ്ധതിയാണ് അവന്റേത്. എന്നാൽ നമ്മുടെ രക്ഷിതാവ് അവനെ ജയിച്ച് രാജാധിരാജാവും കർത്താധികർത്താവുമായി വാഴും. വിഘടന വീരനായ പിശാചിന്റെ സ്ഥാനം ഗന്ധകത്തീപ്പൊയ്കയിലാകുകയും ചെയ്യും (വെളി. 20:10). അപ്പോൾ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ പൂർണ്ണമായി നടപ്പിൽ വരും. എല്ലാം ദൈവത്തിൽ നിന്നും എല്ലാം ദൈവത്തിലേക്കും എന്ന 'ആത്മീയവൃത്തം' (spiritual cycle) നിലവിൽ വരും.

ക്രിസ്തുവിൽ എല്ലാം ഒന്ന് എന്ന സത്യം മനസ്സിലാക്കിയിരിക്കുന്ന വിശ്വാസികൾക്ക് ഇപ്പോൾ പരിപാവനമായ ഒരു കടപ്പാടുണ്ട്. ഈ ഒരുമ നമ്മുടെ കുടുംബ ജീവിതത്തിലും സഭാജീവിതത്തിലും പ്രായോഗികമായി പ്രകടമാക്കേണ്ടിയിരിക്കുന്നു. നാം ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി കഴിയേണ്ടതാണ്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഗുണപാഠമിതാണ്. വിഘടന പ്രവണത നമുക്കു പാടില്ല. നാം ക്രിസ്തുവിൽ ഒന്ന്.

 

Pr. Lijo K. J.
IPC Nilambur North Center PYPA President