മുഖപ്രസംഗം

പിടിവിടാത്ത കൈകളും കുട്ടയിലെ നേതാവും!

ജീവിതത്തിൽ പലവിധത്തിലുള്ള ‘ഇറക്കിവിടലുകൾ’ അനുഭവിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ചിലപ്പോൾ സുഹൃത്തുക്കളുടെ കൂട്ടായ്മകളിൽ നിന്ന്, ചിലപ്പോൾ സ്വന്തം വീട്ടിൽ നിന്നുപോലും അമ്മമാർ ചൂലുമെടുത്ത് ഓടിക്കുമ്പോൾ! നമ്മൾ പുറത്തായിട്ടുണ്ടാകാം.

എന്നാൽ ബൈബിളിൽ, പിന്നീട് വലിയൊരു ജനക്കൂട്ടത്തെ നേർവഴിയിലേക്ക് നയിച്ച ഒരു ‘മഹാൻ’, ഒരു കുട്ടയിൽ ഇരുന്ന് മതിലിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെട്ട കഥ അറിയാമോ?

അതെ, നമ്മൾ സംസാരിക്കുന്നത് സാക്ഷാൽ പൗലോസ് അപ്പസ്തോലനെക്കുറിച്ചാണ്!

അപ്പസ്തോലപ്രവൃത്തികൾ 9:25-ൽ കാണുന്ന ആ രംഗം ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. ദമാസ്കസിൽ പൗലോസിനെ വകവരുത്താൻ ശത്രുക്കൾ കാവൽ നിൽക്കുകയാണ്. രക്ഷപ്പെടാൻ മറ്റൊരു വഴിയില്ല. ഒടുവിൽ രാത്രിയിൽ, പൗലോസിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു വലിയ കുട്ടയിൽ ഇരുത്തി മതിലിലൂടെ താഴേക്ക് ഇറക്കി രക്ഷപ്പെടുത്തുന്നു.

ഇന്ന് നമ്മളായിരുന്നെങ്കിൽ എന്തുപറയും?

“എന്തൊരു നാണക്കേട്! ഇത്രയും വലിയൊരു വചനപ്രഘോഷകൻ ഒരു കുട്ടയിൽ ഇരുന്ന് ഒളിച്ചോടുകയോ?”

എന്ന് ചോദിച്ച് നമ്മൾ ട്രോളിയേനെ!

പൗലോസ് ശ്ലീഹായ്ക്കും വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു:

“എന്റെ ദൈവമേ, ഈ കുട്ടയുടെ അടിഭാഗം എങ്ങാനും പൊട്ടിയാൽ എന്റെ അന്തസ്സ് തീർന്നില്ലേ! ഞാൻ ഒരു റോമൻ പൗരനാണ്. പ്രശസ്തനായ ഗമാലിയേലിന്റെ കീഴിൽ വിദ്യാഭ്യാസം നേടിയവനാണ്. ഞാനാണോ ഈ കുട്ടയിലിരുന്ന് മതിലിലൂടെ ഇറങ്ങിപ്പോകേണ്ടത്?”

പക്ഷേ പൗലോസ് അങ്ങനെ ചിന്തിച്ചില്ല.

തന്റെ സഹവിശ്വാസികൾ തന്നെ കുട്ടയിലിറക്കി രക്ഷപ്പെടുത്താൻ തീരുമാനിച്ചപ്പോൾ, “എനിക്ക് കുട്ട പോരാ; ലിഫ്റ്റ് തന്നെ വേണം!” എന്ന പിടിവാശിയൊന്നും അദ്ദേഹം കാണിച്ചില്ല. മറുവാക്കില്ലാതെ അവരുടെ ശ്രമത്തോട് സഹകരിച്ചു.

അവിടെയാണ് പൗലോസ് അപ്പസ്തോലന്റെ യഥാർത്ഥ വലുപ്പം നമ്മൾ കാണുന്നത്.

ഈ ‘കുട്ട പ്രയോഗത്തിന്’ പിന്നിൽ ഇന്നത്തെ കാലഘട്ടത്തിന് ഏറെ ആവശ്യമുള്ള ചില ആത്മീയവും സാമൂഹികവുമായ പാഠങ്ങളുണ്ട്.

താഴ്മയുടെ വലിയ പാഠം

യേശുകർത്താവിനെ അനുഗമിക്കാൻ വലിയ ആത്മീയ ‘ഹീറോയിസം’ മാത്രം പോരാ; ചിലപ്പോൾ ഒരു കുട്ടയിലൊതുങ്ങാനുള്ള വിനയവും വേണം.

ദൈവം നമ്മെ ഉയർത്തുന്നതിന് മുമ്പ്, ചില സന്ദർഭങ്ങളിൽ നമ്മെ താഴേക്ക് ഇറക്കിവിട്ടെന്നു വരാം. എന്നാൽ താഴേക്ക് ഇറങ്ങുന്നത് എല്ലായ്പ്പോഴും തകർച്ചയല്ല. ചിലപ്പോൾ അത് ദൈവം ഒരുക്കുന്ന അടുത്ത യാത്രയുടെ തുടക്കമാണ്.

വളരുംതോറും പിളരുകയും, പിളരുംതോറും വീണ്ടും വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മൾ ഒരു സത്യം മറക്കരുത്: മനുഷ്യർ ഇറക്കിവിട്ടാലും, വളർത്തുന്നത് ദൈവമാണ്.

പിടിവിടാത്ത കൂട്ടായ്മ

പൗലോസ് ശ്ലീഹായെ കുട്ടയിലിരുത്തി കയറുപിടിച്ച് താഴേക്ക് ഇറക്കിയത് അദ്ദേഹത്തിന്റെ സഹവിശ്വാസികളാണ്.

ആ കയറിൽ പിടിച്ചിരുന്ന കൈകളിൽ ഒരാൾ പിടിവിട്ടിരുന്നെങ്കിൽ? അവർ തമ്മിൽ ഐക്യമില്ലായിരുന്നെങ്കിൽ? ഇന്നത്തെ രീതിയിൽ പറഞ്ഞാൽ, കിട്ടിയ അവസരത്തിന് ആരെങ്കിലും “കുട്ട കമഴ്ത്തി” വിട്ടിരുന്നെങ്കിൽ?

പൗലോസിന്റെ കഥ അവിടെ അവസാനിച്ചേനെ!

ഒരു ദൈവദാസന്റെ യാത്രയിൽ, മുന്നിൽ നിൽക്കുന്ന ഒരാളെക്കാൾ ചിലപ്പോൾ നിർണായകമായിരിക്കുന്നത് പിന്നിൽ നിന്ന് കയർ മുറുകെപ്പിടിക്കുന്നവരാണ്.

നേതാക്കൾ മറക്കുന്ന ഒരു സത്യം

ഇന്ന് സഭാനേതാക്കളായാലും വിവിധ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നവരായാലും മറന്നുപോകാൻ സാധ്യതയുള്ള ഒരു സത്യമുണ്ട്:

തങ്ങളെ താങ്ങിനിർത്താനും, പ്രതിസന്ധികളിൽ താഴെ വീഴാതെ പിടിച്ചുനിർത്താനും, പ്രാർത്ഥനയിൽ പോരാടാനും വിശ്വസ്തരായ സാധാരണ വിശ്വാസികൾ വേണം.

കൂട്ടായ്മയുടെയും കൂട്ടായ്മയിലെ ദൈവമക്കളുടെയും വില പലരും ഇന്ന് വിസ്മരിച്ചുപോകുന്നു.

പണത്തിന്റെയും സ്ഥാനത്തിന്റെയും പ്രതാപത്തിൽ അനുയായികളെ സൃഷ്ടിക്കാം. പക്ഷേ ചോദ്യം ഇതാണ്:

എത്രകാലം?

വളരുംതോറും പിളരുകയും, പിളരുംതോറും വീണ്ടും വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മൾ ഒരു സത്യം മറക്കരുത്:

മനുഷ്യർ ഇറക്കിവിട്ടാലും, വളർത്തുന്നത് ദൈവമാണ്.

ഇറക്കിവിടലുകൾ ഒടുക്കമല്ല

ജീവിതത്തിൽ ചില ഇടങ്ങളിൽ നിന്ന് നമ്മൾ ‘തള്ളപ്പെടുന്നതും’, ‘ഒഴിവാക്കപ്പെടുന്നതും’, ‘ഇറക്കിവിടപ്പെടുന്നതും’ പരാജയമാണെന്ന് നമ്മൾ കരുതാറുണ്ട്.

പക്ഷേ പൗലോസിന്റെ ജീവിതം മറ്റൊരു സന്ദേശമാണ് നൽകുന്നത്.

അന്ന് ദമാസ്കസിന്റെ മതിലിലൂടെ ആ കുട്ടയിൽ ഇറങ്ങിയ മനുഷ്യന്റെ യാത്ര അവിടെ അവസാനിച്ചില്ല. മറിച്ച്, അതിന് ശേഷം ദൈവം അദ്ദേഹത്തിന്റെ ജീവിതത്തെ അതിവിപുലമായ ഒരു ദൗത്യത്തിനായി ഉപയോഗിച്ചു.

അതുകൊണ്ട് കുട്ടയിൽ ഇറങ്ങേണ്ടിവന്നത് പൗലോസിന്റെ പരാജയമായിരുന്നില്ല; അടുത്ത ദൗത്യത്തിലേക്കുള്ള രക്ഷാമാർഗമായിരുന്നു.

പ്രിയ യുവജനങ്ങളേ,

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ അല്പം ‘ചെറുതാകേണ്ടി’ വരുമ്പോൾ വിഷമിക്കേണ്ട.

എല്ലാ താഴ്ത്തലുകളും അവസാനമല്ല.
എല്ലാ ഇറക്കിവിടലുകളും പരാജയമല്ല.
എല്ലാ അടഞ്ഞ വാതിലുകളും ദൈവത്തിന്റെ നിരാകരണമല്ല.

ചിലപ്പോൾ ദൈവം നമ്മെ ഒരു വലിയ ദൗത്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് ‘ഇറക്കി വിടുന്ന’ സമയമായിരിക്കാം അത്.

അതുകൊണ്ട് പൗലോസ് അപ്പസ്തോലനെപ്പോലെ, താഴ്മയോടെ, ആത്മവിശ്വാസത്തോടെ, ദൈവം നൽകിയ കൂട്ടായ്മയെ വിശ്വസിച്ച് ആ ‘കുട്ടയിൽ’ ഇരിക്കാൻ നമുക്കും തയ്യാറാകാം.

കാരണം- ഇറക്കിവിടുന്നത് മനുഷ്യരായിരിക്കാം;
എന്നാൽ ഉയർത്തുന്നതും വളർത്തുന്നതും ദൈവമാണ്.